Monday, December 24, 2018

ഒരു ബ്ലോഗ് ചരിതം

ബ്ലോഗ്‌ പേജുകളില്‍ നാം കൊടുക്കുന്ന കമന്റുകള്‍  നമ്മുടെ ഓണ്‍ലൈന്‍ ജീവിതത്തിലും ഓഫ്‌ ലൈന്‍ ജീവിതത്തിലും വിവിധങ്ങളായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവയത്രേ.   ഒരു പ്രത്യേക വിഷയത്തിലോ വ്യക്തിപരമായ വിഷയത്തിലോ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നതിനു നമ്മുടെ കമന്റുകള്‍ വഴിയൊരുക്കും. അനേകായിരം മൈലുകള്‍ അകലെയുള്ള ഒരു വ്യക്തിയുമായി നല്ലൊരു ബന്ധം തുടങ്ങുന്നതിനും, അത് അരക്കിട്ടുറപ്പിക്കുന്നതിനും നമ്മുടെ കമന്റുകള്‍ വഴി വെക്കുന്നു.  ഒപ്പം ചില അവസരങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളിലേക്കതു നീങ്ങുന്നതിനും,അതുമൂലം അത് വിപുലീകരിക്കുന്നതിനും അത് കാരണമാകാം.   ഒപ്പം നാം ആയിരിക്കുന്ന സമൂഹത്തില്‍ നിന്നും വളരെ വിസ്തൃതമായ ഒരു സമൂഹത്തിലെ അംഗങ്ങള്‍ ആണ് നാം എന്ന ഒരു ബോധം നമ്മില്‍ ഉണര്‍ത്തുന്നതിനും അത് കാരണമാകുന്നു.

ഈ ചെറു ലേഖനത്തിലൂടെ ഓരോ ബ്ലോഗര്‍മാരും വിശേഷിച്ചു ബ്ലോഗുകളില്‍ കമന്റു എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ എന്റെ അനുഭവ വെളിച്ചത്തില്‍ മനസ്സിലാക്കിയവ പറയുവാന്‍ താത്പര്യപ്പെടുന്നു.

കഴിഞ്ഞ  ചില വര്‍ഷങ്ങള്‍ വെബ്‌ ഉലകത്തില്‍ നടത്തിയ ഓട്ട പ്രദക്ഷിണത്തിന്‍റെ   ബാക്കിപ്പത്രം എന്ന് വേണമെങ്കിലും ഇതിനെ വിളിക്കാം. :-)

നോളും, ബ്ലോഗും, കമന്റ് അറിവുകളും ..

വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പേ  ആമുഖമായി ചില വിവരങ്ങള്‍ കൂടി കുറിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു.

വെബ്‌ ഉലകത്തിലേക്ക് കാലെടുത്തു വെച്ചത് ആദ്യം ഇംഗ്ലീഷു മാധ്യമത്തിലൂടെ ആയിരുന്നു, അവിടെ പലയിടത്തും എഴുതി ആദ്യം കമന്റില്‍ തുടങ്ങി  പിന്നെ കുറിപ്പുകളും ലേഖനങ്ങളും എഴുതി. അവിടെ നിരവധി സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞു.  എന്റെ കമന്റുകള്‍ വായിച്ച ഒരു സുഹൃത്ത്‌ ഇപ്രകാരം ചോദിച്ചു, "നിങ്ങള്‍ക്കു സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടെ?  

അതൊരു നല്ല ആശയമായി തോന്നുകയും അങ്ങനെ ആരംഭമായി പല ബ്ലോഗുകള്‍ വായിക്കുന്നതിനും സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഗൂഗിളിന്റെ നോള്‍ (Knol) പേജുകളില്‍ എഴുതിത്തുടങ്ങുന്നതിനും ഇടയായി.  അവിടെ ലഭിച്ച സ്വീകരണം വളരെ പ്രോത്സാഹജനകമായിരുന്നു, നിരവധി പ്രഗത്ഭരായ  ഏഴുത്തുകാരെ  പരിചയപ്പെടുന്നതിനും അവരുടെ കൂട്ടായ്മകളില്‍ (Group/Guild) അംഗത്വം നേടുന്നതിനും അത് ഇടയാക്കി.  ഒപ്പം എന്റെ രണ്ടു നോളുകള്‍ (മരങ്ങളെക്കുറിച്ചുള്ളതും, സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചുള്ളവയും)   ടോപ്‌ ലിസ്റ്റില്‍ വരുന്നതിനും അങ്ങനെ സംഗതിയായി.

തുടര്‍ന്നുള്ള നോളിന്റെ സമാപ്തി (നിര്യാണം) എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു എങ്കിലും ഗൂഗിള്‍ നോളുകള്‍ wordpress (peeveesknols) ലേക്ക്  മാറ്റുന്നതിനുള്ള സൌകര്യങ്ങളും അവര്‍ ക്രമീകരിച്ചു തന്നു.  തുടര്‍ന്ന് വേര്‍ഡ്‌ പ്രസ്സിലെ പരിചയക്കുറവും  ബ്ലോഗ്ഗെറിനെക്കുറിച്ചുള്ള അല്‍പ്പം അറിവും  ഗൂഗിള്‍ ബ്ലോഗറില്‍ തന്നെ ബ്ലോഗു തുടങ്ങുവാന്‍ ഇടയാക്കി, അവിടെ ആദ്യം നോളിലെ സൃഷ്ടികളുമായി ചേക്കേറി.  തുടര്‍ന്ന് പുതിയവ പലതും പോസ്റ്റു ചെയ്തു തുടങ്ങി.  അങ്ങനെ വെബിലൂടെ പരിചയമായവര്‍ എന്റെ ബ്ലോഗുകളിലേക്ക് വരുന്നതിനും പ്രോത്സാഹജനകമായ നിരവധി കമന്റുകളും വ്യക്തിപരമായ മെയിലുകളും തുടര്‍ന്ന്  ലഭിക്കുവാനും ഇടയായി.

നോള്‍ അനുഭവത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമത്രേ ബ്ലോഗില്‍  ലഭിച്ചത്, പിന്നീട് മലയാളം ബ്ലോഗുകളുടെ അനന്തസാദ്ധ്യത മനസ്സിലാക്കുവാനും മലയാളത്തില്‍ ഞാന്‍ എഴുതി പ്രിന്റ്‌ മീഡിയയില്‍ മുന്‍പു  പ്രസിദ്ധീകരിച്ചവ   ഓരോന്നായി ബ്ലോഗുകളിലേക്ക് മാറ്റി. അവിടെയും എന്റെ പോസ്ടുകള്‍ക്കൊപ്പം മറ്റു പോസ്റ്റുകള്‍ വായിക്കുന്നതിനും കമന്റുകള്‍ പോസ്ടുന്നതിനും പിശുക്ക് കാട്ടിയില്ല, പ്രത്യേകിച്ചു എന്റെ ബ്ലോഗില്‍ കമന്റു പോസ്ടുന്നവരുടെ ബ്ലോഗു സന്ദര്‍ശിക്കാനും അവര്‍ക്കൊപ്പം ചേരാനും കമന്റു പോസ്ടാനും തുടങ്ങി.   അങ്ങനെ നേടിയെടുത്ത ചില അറിവുകള്‍ കമന്റുകളോടുള്ള ബന്ധത്തില്‍ ഉള്ളവ ഇവിടെ കുറിക്കുക എന്നതത്രേ ഈ കുറിപ്പിന്റെ ലക്ഷ്യം.

പിന്തിരിപ്പന്‍  "ബാക്ക് ലിങ്കുകള്‍"

മറ്റു ബ്ലോഗുകളില്‍ കമന്റു പോസ്റ്റു ചെയ്യുമ്പോള്‍ തങ്ങളുടെ backlinks പോസ്റ്റു ചെയ്യരുത്, എന്റെ വെബ്‌ എഴുത്തിന്റെ തുടക്കത്തില്‍ ചിലയിടങ്ങളില്‍ പരിചിതരായവരുടെ പോസ്റ്റുകളില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നു. അതുകണ്ട ഒരാള്‍ അതിനെ വിമര്‍ശിച്ചു എഴുതി, അത് നോളില്‍ ഒരു വലിയ വാഗ്വാദത്തിനു തന്നെ വഴി വെച്ച്.  ചിലര്‍ അനുകൂലമായും മറ്റു ചിലര്‍ പ്രതികൂലിച്ചും, പിന്നീടാണ് ഞാന്‍ കാട്ടിയത് ബുദ്ധിമോശമാണെന്ന് മനസ്സിലായത്‌.  കമന്റുകള്‍ പോസ്റ്റു ചെയ്യുമ്പോള്‍ നമ്മുടെ ബാക്ക് ലിങ്കുകള്‍ ഇല്ലാതെ തന്നെ അവര്‍ നമ്മുടെ പേജില്‍ എത്തും, അത് നാം എഴുതുന്ന കമന്റുകളെ ആശ്രയിച്ചിരിക്കും.  എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട ലിങ്കുകള്‍ കമന്റില്‍ കൊടുക്കുന്നത് നല്ലത് തന്നെ.

വ്യാജന്‍ ഒരു 'പൂജ്യ'ന്‍

സ്വന്തം പേര് വെക്കാതെയും വ്യാജ പേരുകളിലും കമന്റു പോസ്റ്റു ചെയ്താല്‍ അതിനു വേണ്ട പ്രതികരണം ലഭിച്ചെന്നു വരില്ല.   കമന്റില്‍ പോലും സ്വന്തം പേര് വെക്കാനുള്ള സാമാന്യ മര്യാദാ ലംഘനമത്രേ ഇതു.

ചൊടിപ്പിക്കലും ചൊറിയലും..

ബ്ലോഗറേയും വായനക്കാരെയും ചൊടിപ്പിക്കുന്ന തരം കമന്റുകള്‍ പാസ്സാക്കാതിരിക്കുക.  പലപ്പോഴും അതൊരു വലിയ വിവാദത്തില്‍ തന്നെ ചെന്ന് കലാശിക്കാന്‍ വഴിയുണ്ട്.  ഒപ്പം കമന്റുകളില്‍ തമാശക്ക് തിരി കൊളുത്തുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട് അത് ചിലപ്പോള്‍ ആളിപ്പടരാനും അപകടങ്ങള്‍ വരുത്തി വെക്കാനും ഉള്ള സാധ്യതകള്‍  വിരളമല്ല.  അപരിചിതരായവരുടെ ബ്ലോഗുകളില്‍ കമന്റുമ്പോള്‍ തമാശ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അത് ചിലപ്പോള്‍ ചില തെറ്റിദ്ധാരണകളിലേക്ക്   വലിച്ചിഴക്കും.  അടുത്തിടെ എനിക്കുണ്ടായ ഒരു അനുഭവം കുറിക്കട്ടെ:

"ഒരു പുതിയ മലയാളം കൂട്ടായ്മയില്‍ ചേര്‍ന്ന എനിക്കു തുടക്കം തന്നെ നിരവധി സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞു.  അക്കൂട്ടത്തില്‍ ഒരാളുടെ ഒരു ലേഖനത്തില്‍ അല്പം രസകരമായ ഒരു കമന്റു ഞാന്‍ പോസ്റ്റി,  അദ്ദേഹം അത് വായിച്ചു ക്ഷുഭിതനായി ഒരു മറുപടി എന്റെ കമന്റിനു താഴെയും  ഒപ്പം എന്റെ കമന്റു എടുത്തെഴുതിക്കൊണ്ട് തന്റെ മുഖ പേജിലും ഒരു വിമര്‍ശനം നടത്തി, തികച്ചും പരുഷമായ ഭാഷയില്‍ തന്നെ.  എന്തിനു പറയുന്നു, തികച്ചും നല്ല ഉദ്ദേശ ശുദ്ധിയോടെ വ്യംഗ്യ രൂപേണ എഴുതിയ ഒരു കമന്റായിരുന്നു അത് പക്ഷെ അയാള്‍ അത് തികച്ചും വിപരീത രീതിയില്‍ എടുത്തതിനാല്‍  വന്ന പോരായ്മയാണ് ഇവിടെ സംഭവിച്ചത്.  ഞാന്‍ അതിനു യോജിച്ച ഒരു മറുപടിയും നല്‍കി, അതയാള്‍ക്ക്‌ തൃപ്തികരമാവുകയും താന്‍ കോപിതനായതില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.  അയാള്‍ ഇപ്പോള്‍ വെബ്ബുലകത്തിലെ എന്റെ ഒരു ഉറ്റ സുഹൃത്തുമായിരിക്കുന്നു.  ഇങ്ങനെ സംഭവിക്കാനുള്ള കാരണം ഒരു മുന്‍പരിചയവും ഇല്ലാത്ത ഒരാള്‍ ഇത്തരം തമാശ നിറഞ്ഞ ഒരു കമന്റു പാസ്സ് ചെയ്തതിലുള്ള തെറ്റിദ്ധാരണ മൂലം ഉണ്ടായതെന്ന് അയാള്‍ പിന്നീട് പറയുകയുണ്ടായി."

പോസ്റ്റ്‌ എവിടെ, കമെന്റ്  എവിടെ ?

പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത ചില കമന്റുകള്‍, ചിലപ്പോള്‍ വാരി വലിച്ചു എഴുതിയവ കാണാറുണ്ട്‌.  അത് ഒരു പക്ഷെ കമന്റുകാരന്‍ ഒരു വലിയ തിരക്കുള്ള ആളോ അല്ലെങ്കില്‍, അയാള്‍ പോസ്റ്റു മുഴുവനും വായിക്കാന്‍ ശ്രമിക്കാഞ്ഞതിനാലോ ആയിരിക്കാം. അത്തരം കമന്റുകള്‍ തികച്ചും അരോചകം ഉളവാക്കും.  അങ്ങനെയുള്ളവര്‍ സ്വന്തമായി ഒരു ബ്ലോഗുണ്ടാക്കി ഇത്തരം കാര്യങ്ങള്‍ അവിടെ കുറിക്കുന്നതായിരിക്കും നല്ലത് അല്ലാതെ മറ്റുള്ളവരുടെ പേജില്‍ കടന്നു കൂടി വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ എഴുതി വിടുന്നത് നല്ലതല്ല.  ഈ കാര്യങ്ങള്‍ ഒരു പക്ഷെ കമന്റു ലഭിക്കുന്ന വ്യക്തി തുറന്നു പറയാന്‍ മടി കാട്ടിയെന്നും വരാം.

മറ്റു ചില കമന്റുകളില്‍ ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ തങ്ങളുടെ ബാക്ക് ലിങ്ക് ചേര്‍ക്കുന്ന ഒരു പ്രവണത കാണാം. ഇതും കമന്റുകളോടുള്ള ബന്ധത്തില്‍ ഒരു നല്ല പ്രവണത അല്ല. ഇതൊരു സ്വയം പരസ്യ പ്രവര്‍ത്തനം ആയെ കാണാന്‍ കഴിയൂ.  മറ്റു ചിലര്‍ തങ്ങള്‍ക്കുള്ള ബ്ലോഗു ലിങ്കുകളും, സോഷ്യല്‍ വെബ്‌ ലിങ്കുകളും ഏതെങ്കിലും ബിസ്സ്നെസ്സ് കാര്യങ്ങള്‍ ഉള്ള ആളെങ്കില്‍  അവിടുള്ള ലിങ്കുകള്‍ മുഴുവനും കമന്റില്‍ ചാര്‍ത്താന്‍ ശ്രമിക്കും ഇതും ഒരു നല്ല പ്രവണത അല്ല.  അങ്ങനെയുള്ള കമന്റുകള്‍ ചിലപ്പോള്‍ ഡിലീറ്റു  ചെയ്യുവാനും ഇടയുണ്ട്.

ആവശ്യത്തിനു വാചാലത..

ചിലര്‍ കമന്റു ചെയ്യുമ്പോള്‍ കേവലം ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കി, നന്ദി, നന്നായി, കലക്കി, ആശംസകള്‍ തുടങ്ങിയ ചില വാക്കുകള്‍ പറഞ്ഞു പോകുന്നത് കാണാറുണ്ട്‌.  ഇതു ഒരു പക്ഷെ അവരുടെ തിരക്ക് പിടിച്ച ജീവിതം മൂലമായിരിക്കാം, ഇങ്ങനെയുള്ളവരെ വിമര്‍ശിക്കുക എന്നല്ല എന്റെ ഈ വരികള്‍ കൊണ്ട് ഉദേശിക്കുന്നത്, സത്യത്തില്‍ തങ്ങളുടെ തിരക്കേറിയ ജീവിതത്തിലെ കൃത്യ നിര്‍വ്വഹണങ്ങള്‍ക്കിടയില്‍   അല്‍പ്പം സമയം കണ്ടെത്തി അവര്‍ നമ്മുടെ ബ്ലോഗുകളില്‍ വന്ന് രണ്ടു വാക്ക് പറയുന്നത് തന്നെ ഒരു വലിയ സംഭവം ആയി എടുക്കാം.  ഇത്തരക്കാരെ പലരും അവഗണിച്ചും കാണാറുണ്ട്‌ അത് തീര്‍ത്തും ശരിയല്ല എന്നാണെന്റെ അഭിപ്രായം അവരെ നമുക്ക് അവഗണിക്കാതിരിക്കാം. അവര്‍ക്കും ഒരു രണ്ടു വാക്ക് നന്ദി പറയുന്നത് നല്ലത് തന്നെ.  പക്ഷെ പതിവ് പല്ലവി തന്നെ പറയാതെ പോസ്റ്റുമായി ബന്ധപ്പെട്ട ചില വാക്കുകള്‍ കൂടി കുറിക്കുന്നത് നല്ലതായിരിക്കും എന്നൊരു നിര്‍ദേശവും ഇവിടെ നല്‍കുവാന്‍ ഞാന്‍ മടിക്കുന്നില്ല.

കമന്റുക, വീണ്ടും വീണ്ടും..

നിങ്ങള്‍ പോസ്റ്റുകളില്‍ കമന്റു പാസ്സ് ചെയ്യുന്ന വ്യക്തിയെങ്കില്‍, ശ്രദ്ധിക്കുക, ഒരുപക്ഷെ നിങ്ങളുടെ കമന്റുകള്‍ക്ക് ബ്ലോഗറില്‍ നിന്നും ഉടനടി അല്ലെങ്കില്‍ ആദ്യ കമന്റിനു ഒരു പ്രതികരണം ലഭിച്ചില്ലന്നു വരാം അതുകൊണ്ട് അയാളുടെ ബ്ലോഗു വായിക്കില്ലന്നോ, കമന്റു പാസ്സ് ചെയ്യില്ലന്നോ ഒരു തീരുമാനത്തില്‍ എത്തേണ്ട, വായന തുടരുക അഭിപ്രായങ്ങള്‍ എഴുതുക.

വന്ന വഴി മറക്കരുതേ..

വളരെ ആത്മാര്‍ഥതയോടെ നിങ്ങളുടെ ബ്ലോഗു തുടര്‍ച്ചയായി സന്ദര്‍ശിക്കുകയും പ്രചോദാത്മകമായ അഭിപ്രായങ്ങള്‍ കമന്റു രൂപത്തില്‍ അറിയിക്കുകയും ചെയ്യുന്നവരെ ഒരിക്കലും അവഗണിക്കാന്‍ പാടുള്ളതല്ല.  വല്ലപ്പോഴും ഒരിക്കല്‍ നമ്മുടെ ബ്ലോഗുകളില്‍ എത്തുന്നവരേക്കാള്‍ നാം പ്രാധാന്യം ഇവര്‍ക്ക് കൊടുക്കേണ്ടതുണ്ട്.  അങ്ങനെയുള്ളവരുടെ ബ്ലോഗ്‌ പോസ്റ്റു വരുമ്പോള്‍ പ്രതികരണം അറിയിപ്പാന്‍ നാം പിശുക്ക് കാട്ടരുത്, മറിച്ചു ക്രീയാത്മകമായ ഒരു അഭിപ്രായം നാം അവിടെ പോസ്റ്റു ചെയ്യണം.   ഇവിടെ ഒരു പ്രത്യേക കാര്യം കൂടി സൂചിപ്പിക്കട്ടെ!! വെറും പൂച്ചയായി ബ്ലോഗില്‍ വന്ന ചിലര്‍ പുലിയായി മാറിക്കഴിയുമ്പോള്‍ തങ്ങള്‍ കടന്നു വന്ന വഴികളും തങ്ങളെ പുലികലാക്കി മാട്ടിയവരെയും നിഷ്കരുണം പുറം കാലു കൊണ്ട് തട്ടിക്കളയുന്ന ഒരു പ്രവണതയും അവിടവിടെ കമന്റുകളോടുള്ള ബന്ധത്തില്‍ കണ്ടിട്ടുണ്ട്, അങ്ങനെയുള്ളവരോട് ഒരു വാക്ക്:

പ്രീയപ്പെട്ടവരെ, നിങ്ങളെ ബ്ലോഗറും പുലിയുമൊക്കെയാക്കി മാറ്റുന്നതിന് ഒരു നല്ല പങ്കു വഹിച്ച നിങ്ങളുടെ വായനക്കാരെ മറന്നുകളയരുത്  , അതൊരിക്കലും ആശാസ്യകരമായ ഒരു കാര്യമല്ല.  പുലിയായി മാറിയ ഒരു മഹല്‍ദേഹം, അടുത്തിടെ ഒരു കമന്റു പറയുകയുണ്ടായി, "ഞാനിപ്പോള്‍ കമന്റുകള്‍ ഒന്നും വായിക്കാറില്ലെന്നും, ഞാനൊട്ടു കമന്റാറും ഇല്ലാന്ന്."  വളരെ  നല്ല കാര്യം! ആ വാക്കുകളില്‍ ഒരു ഹുങ്കിന്റെ ധ്വനി ഇല്ലേ എന്ന് സംശയിക്കുന്നു!!!  ഇത്തരക്കാരോട് ഒന്നേ പറയാനുള്ളൂ പ്രീയപ്പെട്ടവരെ നിങ്ങള്‍ കടന്നു പോന്ന വഴികള്‍ മറക്കാതിരിക്കുക!!!  ഒപ്പം നിങ്ങളെ പുലിയാക്കിയവരെയും!!!

വന്നാലും ഇതിലേ...

കമന്റുകള്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്റെ ബ്ലോഗില്‍ വരണേ! എന്റെ ബ്ലോഗില്‍ പുതിയ വിഷയം..... പോസ്റ്റി, വരണേ, നോക്കണേ, എന്ന് തുടങ്ങിയ അപേക്ഷകള്‍ നിര്‍ബ്ബാധം കമന്റുകളിലൂടെ തൊടുത്തു വിടുന്ന ചിലരെ കാണാറുണ്ട്‌.  ഇതു തികച്ചും അരോചകം ഉളവാക്കുന്ന ഒന്ന് തന്നെ.  ശല്യം! വിടുന്ന ലക്ഷണം ഇല്ലല്ലോ! എന്ന് മനസ്സിലെങ്കിലും ഇതു വായിക്കുന്ന ബ്ലോഗര്‍ക്ക് തോന്നിയിട്ടുണ്ടാകും തീര്‍ച്ച!, മിക്കപ്പോഴും ബ്ലോഗര്‍മാര്‍ ഇത്തരക്കാരെ വെറുതെ വിടുന്ന പ്രവണതയാണ് കാണാറുള്ളത്‌, പിന്നവര്‍ തങ്ങളുടെ ബ്ലോഗില്‍ വന്നില്ലങ്കിലോ എന്ന ഭയമായിരിക്കാം ഈ പ്രവണതക്ക് പിന്നില്‍, ഇത്തരക്കാരെ ഇത്തരം കമന്റുകള്‍ പോസ്റ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു പരസ്യമായല്ലെങ്കിലും നേരിട്ടെങ്കിലും അറിയിക്കുന്നത് നന്നായിരിക്കും, ഇത്തരം അപേക്ഷകള്‍ തങ്ങളുമായി ഏറ്റവും അടുത്തറിയുന്നവര്‍ക്ക് കത്തിലൂടെ അറിയിക്കുന്നതാകും നല്ലത്.  ഇത്തരം പരസ്യമായ അറിയിപ്പ് കൊണ്ട് തങ്ങളുടെ ബ്ലോഗില്‍ കൂടുതല്‍ ട്രാഫിക് കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയാണിവരെ ഇത്തരം കമന്റുകള്‍ പാസ്സാക്കാന്‍ പ്രചോദിപ്പിക്കുന്നത്.  എന്നാല്‍ മറിച്ചാണ് പലപ്പോഴും സംഭവിക്കുക, പലരും അവിടേക്ക് എത്തി നോക്കുവാന്‍ പോലും മിനക്കെട്ടെന്നു വരില്ല.

കമന്റിനു കമന്റു മാത്രം

മറ്റു ചില കമന്റെര്‍മാര്‍ തങ്ങളുടെ ബ്ലോഗ്‌ ലിങ്കും, സോഷ്യല്‍ വെബ്‌ ലിങ്കും, ചിലപ്പോള്‍ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിസ്സിനസ്സ് ലിങ്കുകളും കമന്റില്‍ പോസ്റ്റു ചെയ്തു കാണാറുണ്ട്‌. ഇതും ശരിയായ പദ്ധതിയല്ല.  നാം എഴുതുന്ന കമന്റുകള്‍ വായിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ നമ്മുടെ ബ്ലോഗുകളിലേക്കെത്താന്‍  പ്രചോദനം നല്‍കുന്ന തരം കമന്റുകള്‍  പോസ്റ്റു ചെയ്താല്‍ ഇത്തരം ബാക്ക് ലിങ്ക് പിടിപ്പികേണ്ട ആവശ്യം വരില്ല.  കമന്റു എഴുതുമ്പോള്‍ പോസ്റ്റിലെ വിഷയം വിട്ടു കാട് കയറാനും ശ്രമിക്കാതിരിക്കുക.  കമന്റിനൊപ്പം പ്രത്യക്ഷ പ്പെടുന്ന നമ്മുടെ പേരുകളില്‍ ക്ലിക് ചെയ്താല്‍ അവര്‍ക്ക് നമ്മുടെ ബ്ലോഗുകളില്‍ എത്താന്‍ കഴിയും അപ്പോള്‍ പിന്നെ എന്തിനാണീ ബാക്ക് ലിങ്ക് ബ്ലോഗ്‌ കമന്റില്‍ കൊടുക്കുന്നത്? എന്റെ ബ്ലോഗില്‍ വരണേ എന്ന അപേക്ഷയും ഇവിടെ ഒഴിവാക്കാന്‍ കഴിയും.  ബ്ലോഗെഴുത്തിന്റെ ആരംഭത്തില്‍ പലര്‍ക്കും സംഭവിക്കുന്ന ഒരു കാര്യമാണിത്, ഈ ലേഖകനും ഈ അമളി തുടക്കത്തില്‍ പറ്റിയിട്ടുണ്ട്, പക്ഷെ അത് മിക്കപ്പോഴും വളരെ പരിചിതരായവരുടെ പേജില്‍ എത്തുമ്പോള്‍ മാത്രമായിരുന്നു, പിനീടത് ശരിയല്ല എന്ന് മനസ്സിലാക്കി നിര്‍ത്തുകയും ചെയ്തു. അത്തരം സന്ദര്‍ഭങ്ങളില്‍  അത് പരിചിതരായവരുടെ മെയിലിലേക്ക് അയക്കുക.   ഈ തെറ്റായ പ്രവണത മനസ്സില്ലാക്കി തിരുത്തുന്നത് കൂടുതല്‍ ട്രാഫിക് ബ്ലോഗിലെക്കൊഴുകാന്‍ കാരണമാകും എന്നതിനു സംശയം ഇല്ല.

കമന്റു നിരത്തല്‍..

പിന്നൊരു പ്രവണത കണ്ടതും തിരുത്തേണ്ടതുമായ  ഒന്നത്രേ, ഒരേ രീതിയിലുള്ള കമന്റുകള്‍ പോസ്റ്റു വായിക്കാതെ പോലും ഒരേ സമയം വിവിധ പേജുകളില്‍ നിരത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍.  ഇതു ഒട്ടും തന്നെ പ്രോത്സാഹകരമായ ഒന്നല്ല മറിച്ച് തികച്ചും ലജ്ജാവഹമായ ഒന്നത്രേ!

ഉപസംഹാരം:

ബ്ലോഗുലകത്തില്‍ നാളിതുവരെ നടത്തിയ പ്രയാണത്തില്‍ നിന്നും നേരിട്ടനുഭവിച്ചതും, കേട്ടറിഞ്ഞതും  വായിച്ചറിഞ്ഞതുമായ

ചില അനുഭവങ്ങളത്രേ ഈ കുറിപ്പില്‍.

എന്റെ മാന്യ വായനക്കാര്‍ക്കും കമന്റുകളോടുള്ള ബന്ധത്തില്‍ പല അനുഭവങ്ങളും പറയുവാന്‍ ഉണ്ടായിരിക്കാം, അവ ഇവിടെ കമന്റു രൂപത്തില്‍ ചേര്‍ത്താല്‍ നന്നായിരിക്കും.  അല്ല ഇവിടെ ഞാന്‍ സൂചിപ്പിച്ചവയോടു വിയോജിപ്പ് ഉള്ളവര്‍ക്കും ആ പ്രതികരണം ഇവിടെ കുറിക്കാം. എല്ലാ ബ്ലോഗര്‍ മാര്‍ക്കും എടുത്തു പറയാന്‍ പറ്റിയ ചില അനുഭവങ്ങള്‍ ഇതോടുള്ള   ബന്ധത്തില്‍ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.  അഭിപ്രായങ്ങള്‍ അറിയിക്കുന്ന എല്ലാവരുടേയും കുറിപ്പുകള്‍ക്ക് മറുപടി നല്‍കുന്നതുമായിരിക്കും.




നിങ്ങളുടെ കമന്റുകള്‍ ഒരു ബ്ലോഗ്ഗര്‍ക്ക്
ആ ദിവസത്തില്‍ മറ്റൊന്നിനോടും
തുലനം ചെയ്യുവാന്‍ പറ്റില്ല!
അതവരുടെ ആ ദിവസം സൃഷ്ടിക്കുന്നു!!!
 
വീണ്ടും കാണാം
നന്ദി നമസ്കാരം
അഖിലേഷ്